കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയാണ് കോണ്‍ഗ്രസ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിന് മറുപടിയായി, ഡല്‍ഹിയില്‍ ഒരു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം എടുത്ത കാര്യം മോദി മറക്കരുതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ച് ദിവസം മാത്രം പിന്നിടുമ്പോഴാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി ഇത്തരത്തില്‍ പരിഹാസവുമായി എത്തിയത്. കോണ്‍ഗ്രസ് ഒരു ഏകാധിപത്യ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാവരെയും കേട്ടുകൊണ്ടുള്ള ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും അഞ്ച് ദിവസത്തെ സമയം എന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
Photo and News Source: Siraj Live










