തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്ത് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞാ കർമ്മങ്ങൾ നടന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെ, കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിജയ്‍യുടെ കസിൻ സഹോദരിമാരായ കീർത്തന സുന്ദറും പല്ലവി സുരേന്ദറും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. 'നിങ്ങൾ എക്കാലത്തേക്കാളും ശക്തനായി തിരിച്ചുവന്നിരിക്കുന്നു. അധികാരത്തിന് വേണ്ടിയോ ആരവങ്ങൾക്ക് വേണ്ടിയോ അല്ല, മറിച്ച് തമിഴ്‌നാടിന്റെ ജനങ്ങൾക്കായി മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവൻ. ലോകത്തിന് നിങ്ങൾ വലിയൊരു നേതാവാകാം, പക്ഷേ ഞങ്ങൾക്ക് നിങ്ങൾ എപ്പോഴും ഞങ്ങളുടെ വിജയ് അണ്ണൻ ആണ്' എന്ന് അവർ കുറിച്ചു.

മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ വികാരാധീനനായി. 'ഞാൻ ഏറെ സന്തോഷവാനാണ്. തമിഴ് ജനത വിജയ്‍യിലൂടെ വിജയിച്ചിരിക്കുന്നു' എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ ഗാന്ധി, നടി തൃഷ കൃഷ്ണൻ, വിജയ്‍യുടെ മാതാപിതാക്കൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അധികാരമേറ്റ ഉടൻ തന്നെ ജനക്ഷേമകരമായ തീരുമാനങ്ങൾക്ക് വിജയ് തുടക്കം കുറിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവയിൽ അദ്ദേഹം ഒപ്പുവെച്ചു. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'നെ അവഗണിച്ചും വന്ദേമാതരം ആലപിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Photo and News Source: Mathrubhumi