ഐപിഎൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ വ്‌ളോഗുകൾ ചെയ്യുന്നതിൽ നിന്നും കണ്ടന്റ് ക്രിയേഷനിൽ നിന്നും വിട്ടുനിൽക്കാൻ പഞ്ചാബ് കിങ്‌സ് താരം അർഷ്ദീപ് സിങ്ങിന് ബിസിസിഐ കർശന നിർദ്ദേശം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലഭിച്ച ഈ മുന്നറിയിപ്പ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

എൻഡിടിവി റിപ്പോർട്ട് പ്രകാരം, ടീം യാത്രയ്ക്കിടെ അർഷ്ദീപ് പകർത്തിയ ഒരു വീഡിയോയാണ് ഈ നടപടിക്ക് വഴിവെച്ചത്. വിമാനത്തിനുള്ളിൽ വെച്ച് സഹതാരം യുസ്‌വേന്ദ്ര ചഹൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു.

ഇന്ത്യൻ നിയമപ്രകാരവും ബിസിസിഐയുടെ പെരുമാറ്റച്ചട്ട പ്രകാരവും ഇ-സിഗരറ്റുകളുടെ ഉപയോഗം കുറ്റകരമാണ്. നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതിന് വലിയ പിഴ അടക്കേണ്ടി വന്നിരുന്നു. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ബിസിസിഐയുടെ ഇടപെടൽ.

താരങ്ങളുടെ സുരക്ഷ മുൻനിർത്തി കർശനമായ മറ്റ് നിർദ്ദേശങ്ങളും ബിസിസിഐ നൽകിയിട്ടുണ്ട്. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറികളിലേക്ക് അപരിചിതരെ പ്രവേശിപ്പിക്കരുതെന്ന് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാൻ ടൂർണമെന്റ് ഉടനീളം ഇത്തരം നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന.

Photo and News Source: Media Mangalam