അമേരിക്കയിലെ ജോർജിയയിലുള്ള കൊഹുത് നഗരത്തിൽ മേയറും പൊലീസ് വകുപ്പും തമ്മിലുള്ള തർക്കം കലാശിച്ചത് മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടലിൽ. മേയർ റോൺ ഷിനിക്കിന്റെ ഭാര്യ പാം ഷിനിക്കിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പൊലീസുകാർ നടത്തിയ പരാമർശങ്ങളാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. സിറ്റി കൗൺസിലിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും പാം ഷിനിക് ജോലിയിൽ തുടരുന്നത് പെരുമാറ്റ ദൂഷ്യമാണെന്ന് ആരോപിച്ച് പൊലീസുകാർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഈ കമന്റുകൾ പാം ഷിനിക്കിനെ മാനസികമായി തളർത്തിയതോടെ മേയർ റോൺ ഷിനിക് ഇടപെടുകയായിരുന്നു. അറ്റോർണി ബ്രിയൻ റേയ്ബനുമായി ചേർന്ന് പൊലീസുകാരുമായി അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് വാർത്താസമ്മേളനം വിളിച്ച് പ്രശ്നം പരിഹരിച്ചതായി അറിയിച്ചെങ്കിലും, തൊട്ടടുത്ത ദിവസം ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. പൊലീസ് വകുപ്പ് പിരിച്ചുവിട്ടതായും എല്ലാവരുടെയും സേവനം അവസാനിപ്പിച്ചതായും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അവർക്ക് ലഭിച്ചത്.

ഇതൊരു മാറ്റത്തിനായുള്ള സമയമാണെന്ന് വ്യക്തമാക്കിയ മേയർ, ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങില്ലെന്നും അവരുടെ സേവനത്തിന് നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ, നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഔദ്യോഗിക ആയുധങ്ങളും ഉപകരണങ്ങളും കൈമാറില്ലെന്ന് പൊലീസുകാർ വ്യക്തമാക്കി. സുരക്ഷാ ഉപകരണങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങാൻ അധികൃതർ എത്തണമെന്നും അതുവരെ തോക്കുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ തങ്ങളുടെ കൈവശം തന്നെ തുടരുമെന്നും അവർ അറിയിച്ചു.

Photo and News Source: Media Mangalam