തൃശൂർ തൃക്കൂരിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസ് (37) ആണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ തൃക്കൂർ മരത്താക്കര നെല്ലിച്ചോട് വെച്ചായിരുന്നു സംഭവം നടന്നത്. ജിമ്മിൽ വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ ബിനസിനെ പിന്നിലൂടെ എത്തിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബിനസ് ബോധരഹിതനായി നിലത്തുവീണു. വീണുകിടന്ന യുവാവിന്റെ തലയിൽ അക്രമി വീണ്ടും രണ്ട് തവണ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു.

സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടൻ തന്നെ ബിനസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അക്രമി കൃത്യം നിർവഹിച്ച ശേഷം ഓടി രക്ഷപ്പെടുന്നത് വ്യക്തമായി കാണാം. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്.

Photo and News Source: Samakalika Malayalam