ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാന് യുദ്ധഭൂമിയിൽ നിർണ്ണായകമായ സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന ഔദ്യോഗികമായി സമ്മതിച്ചു. ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈനയിലെ (AVIC) പ്രമുഖ എഞ്ചിനീയറായ ഷാങ് ഷെംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോങ്കോംഗിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.

പാക്കിസ്ഥാൻ വ്യോമസേന സംഘർഷസമയത്ത് ഉപയോഗിച്ച ജെ-10 സിഇ (J-10CE) യുദ്ധവിമാനങ്ങൾ നിർമ്മിച്ചത് എവിഐസിയുടെ സഹസ്ഥാപനമാണ്. ഈ വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനും സാങ്കേതിക സഹായങ്ങൾ നൽകാനുമായി താൻ നേരിട്ട് യുദ്ധമേഖലയിൽ എത്തിയിരുന്നുവെന്ന് ഷാങ് ഷെംഗ് വ്യക്തമാക്കി. വ്യോമകേന്ദ്രത്തിൽ യുദ്ധവിമാനങ്ങൾ നിരന്തരം പറന്നുയരുന്നത് താൻ നേരിട്ട് കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെയും ആളില്ലാ വ്യോമ ഉപകരണങ്ങളുടെയും പ്രധാന ശില്പികളിൽ ഒരാളാണ് ഷാങ് ഷെംഗ്. അന്ന് മേഖലയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും, എന്നാൽ യുദ്ധോപകരണങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്താനാണ് തങ്ങൾ അവിടെ നിലയുറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന നൽകുന്ന പിന്തുണയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

Photo and News Source: Janmabhumi