നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് സ്റ്റാര്‍ട്ടപ്പുകളിലൂടെ സാധാരണക്കാരായ നിരവധി പേരാണ് സംരംഭകരായി മാറിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കാണ്‍പൂര്‍ സ്വദേശിയായ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ്മയുടെ കഥ. ഒരു കാലത്ത് ഓട്ടോയും ടെമ്പോയും ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഈ യുവാവ് ഇന്ന് സ്വന്തമായി ഒരു വിമാനക്കമ്പനി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ശംഖ് എയര്‍' എന്ന പേരിലാണ് അദ്ദേഹം പുതിയ എയര്‍ലൈന്‍ ആരംഭിക്കുന്നത്.
സൂരറൈ പോട്ര് എന്ന സിനിമയിലൂടെ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ എയര്‍ ഡെക്കാന്‍ എന്ന സംരംഭം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അതിനും അപ്പുറം, ഒരു സാധാരണക്കാരന്റെ ഇച്ഛാശക്തിയുടെ കഥയാണ് ശ്രാവണിന്റേത്. ഔപചാരിക വിദ്യാഭ്യാസത്തേക്കാള്‍ ജീവിതാനുഭവങ്ങളെയാണ് അദ്ദേഹം തന്റെ ബിസിനസ് പാഠശാലയായി കണ്ടത്. തെരുവുകളിലെ തിരക്കും ഗതാഗതവും കണ്ടു വളര്‍ന്ന ശ്രാവണ്‍, ജീവിതം പഠിച്ചത് ക്ലാസ് മുറികളില്‍ നിന്നല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നു.
"ഞാന്‍ പഠനത്തില്‍ അത്ര ശ്രദ്ധയുള്ളവനല്ലായിരുന്നു. നഗരം തന്നെയായിരുന്നു എന്റെ ക്ലാസ്‌റൂം. തെരുവുകള്‍, ഗതാഗതക്കുരുക്ക്, ബസുകള്‍, ടെമ്പോകള്‍. ഞാന്‍ എല്ലാം കണ്ടു. അവിടെയാണ് ഞാന്‍ ജീവിതം പഠിച്ചത്," ശ്രാവണ്‍ പറയുന്നു. ചുമട്ടുതൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജോലി ചെയ്ത കാലത്ത് നേരിട്ട പരാജയങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. 2014-ല്‍ സിമന്റ് ബിസിനസിലേക്ക് കടന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. പിന്നീട് ഉരുക്ക് വ്യവസായത്തിലേക്കും അദ്ദേഹം ചുവടുവെച്ചു.
ഉത്തര്‍പ്രദേശിലെ ആദ്യത്തെ സ്വദേശീ എയര്‍ലൈനായി മാറാനൊരുങ്ങുന്ന ശംഖ് എയര്‍, വ്യോമയാനം ഒരു ആഡംബരമല്ലെന്നും സാധാരണക്കാര്‍ക്ക് ബസ് യാത്ര പോലെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഗതാഗത മാര്‍ഗമാണെന്നും തെളിയിക്കാനാണ് ലക്ഷ്യമിടുന്നത്. കടുത്ത മത്സരമുള്ള വ്യോമയാന വിപണിയില്‍ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രാവണിന്റെ ഈ യാത്ര, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വലിയൊരു പ്രചോദനമാണ്.
Photo and News Source: Janmabhumi









