കേരളത്തിൽ അമീബിക് മസ്തിഷ്കജ്ജ്വരം വലിയ ആരോഗ്യപ്രശ്നമായി മാറുന്നു. ഈ വർഷം ഇതുവരെ 20 പേരാണ് ഈ രോഗം ബാധിച്ച് മരണപ്പെട്ടത്. മുൻകാലങ്ങളിൽ മരണനിരക്കിൽ മുന്നിലുണ്ടായിരുന്ന എലിപ്പനി ബാധിച്ചുള്ള മരണം ഇത്തവണ 12 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം എലിപ്പനി മൂലം 223 പേരും അമീബിക് മസ്തിഷ്കജ്ജ്വരം മൂലം 47 പേരും മരിച്ചിരുന്നു. എന്നാൽ ഈ വർഷം സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം മരിച്ച മൂന്നുപേരിൽ രണ്ടുപേരും ആലപ്പുഴ സ്വദേശികളാണ്. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. നിലവിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, രോഗം പകർന്ന ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. വേനൽക്കാലത്ത് ജലാശയങ്ങളിലെ താപനില ഉയരുന്നത് അമീബകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
നെഗ്ലേറിയ ഫൗളേരി, അക്കാന്തമീബ എന്നീ സൂക്ഷ്മജീവികളാണ് രോഗത്തിന് കാരണമാകുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളങ്ങൾ എന്നിവയിൽ കുളിക്കുമ്പോൾ മൂക്കിലൂടെ ഈ അമീബകൾ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. അഞ്ചു മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ മസ്തിഷ്കജ്ജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ കാണുമെങ്കിലും, അമീബിക് ബാധ പെട്ടെന്ന് മൂർച്ഛിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുങ്ങിക്കുളിക്കുന്നവർ വിരലുകൊണ്ട് മൂക്ക് അടച്ചുപിടിക്കണം. നീന്തൽ പരിശീലന കേന്ദ്രങ്ങളിൽ നോസ് പ്ലഗ്ഗുകൾ നിർബന്ധമാക്കണം. വാട്ടർ തീം പാർക്കുകളിലും മറ്റും പോകുമ്പോൾ ജലത്തിന്റെ ശുചിത്വം ഉറപ്പാക്കണം. ക്ലോറിനേഷൻ കൃത്യമായി നടത്തുന്ന നീന്തൽക്കുളങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Photo and News Source: Mathrubhumi









