അമേരിക്കയിലെ ജോർജിയയിലുള്ള കൊഹൂട്ട എന്ന ചെറിയ നഗരത്തിൽ മേയർ റോൺ ഷിന്നി നടത്തിയ നടപടി വലിയ വിവാദമായിരിക്കുകയാണ്. തൻ്റെ ഭാര്യയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ ചർച്ച നടത്തിയെന്നാരോപിച്ച് നഗരത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം പിരിച്ചുവിട്ടു. ബുധനാഴ്ചയോടെയാണ് പത്തോളം വരുന്ന ഉദ്യോഗസ്ഥരെ മേയർ പുറത്താക്കിയത്. പോലീസ് സ്റ്റേഷന്റെ വാതിലിൽ 'പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പിരിച്ചുവിട്ടു' എന്ന ബോർഡ് സ്ഥാപിക്കുകയും, നഗരത്തിലെ സുരക്ഷാ കാര്യങ്ങൾക്കായി കൗണ്ടി ഷെരീഫിന്റെ ഓഫീസിനെ സമീപിക്കാൻ നാട്ടുകാരോട് നിർദ്ദേശിക്കുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നിൽ മേയറുടെ ഭാര്യയും മുൻ ക്ലാർക്കുമായ പാം ഷിന്നിക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. പാം ഷിന്നിക്കിനെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും അവർ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥർ നേരത്തെ പരാതി നൽകിയിരുന്നു. ഇത് നഗരത്തിൽ ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതായി മേയറും ഉദ്യോഗസ്ഥരും ചേർന്ന് പത്രസമ്മേളനം നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് മേയർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത്.
മേയർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർ ആരോപിച്ചു. എന്നാൽ, നഗരത്തിൽ ഒരു മാറ്റത്തിനുള്ള സമയമായെന്നാണ് മേയർ റോൺ ഷിന്നി ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ, വെള്ളിയാഴ്ച ടൗൺ കൗൺസിൽ അടിയന്തരമായി യോഗം ചേർന്നു. പുറത്താക്കപ്പെട്ട മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ തിരിച്ചെടുക്കണമെന്ന് കൗൺസിൽ വോട്ടെടുപ്പിലൂടെ ആവശ്യപ്പെട്ടു. ഇതോടെ നഗരത്തിലെ പോലീസ് സേനയെ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
Photo and News Source: Asianet News









