ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം ബെയറിങ് മാറ്റുന്ന പ്രവൃത്തികൾക്കായി വീണ്ടും അടച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഗതാഗതം നിരോധിച്ചത്. ഇതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസമായതിനാൽ തിരക്ക് വർധിച്ചതും യാത്രക്കാരെ കൂടുതൽ വലച്ചു.
പാലത്തിന്റെ ബെയറിങ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസത്തോളം സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിൽ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ സമാന്തര റോഡുകളിലേക്ക് തിരിച്ചുവിടുന്നുണ്ട്.
പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ബെയറിങ് മാറ്റുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഏഴ് സ്പാനുകളിലായി ആകെ 42 ബെയറിങ്ങുകളാണ് മാറ്റേണ്ടത്. ജാക്കി ലിവർ ഉപയോഗിച്ച് പാലം ഉയർത്തിയാണ് ഈ പ്രവൃത്തികൾ നടത്തുന്നത്. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. വേനലവധി അവസാനിക്കുന്നതിന് മുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എങ്കിലും, വേനൽ മഴ പ്രവൃത്തികൾക്ക് തടസ്സമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Photo and News Source: Asianet News









