തിരുവനന്തപുരം എംസി റോഡിൽ കീഴായിക്കോണത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ 18 കാരൻ മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം നടന്നത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക്, എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാമനപുരത്ത് നിന്ന് ഭക്ഷണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുബിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ അഗ്നിരക്ഷാസേനാംഗങ്ങൾ ഉടൻ തന്നെ സുബിനെ ആംബുലൻസിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിന് (18) കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ല. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo and News Source: Kairali News









