നീലേശ്വരം നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.സി.സി 32 കേരള ബറ്റാലിയൻ യൂണിറ്റ് 'ഓപ്പറേഷൻ സിന്ദൂർ' പദ്ധതിയുടെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യസുരക്ഷയുടെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തിയ നിർണായക നീക്കങ്ങളെ അനുസ്മരിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമൂഹ ചിത്രരചന പരിപാടി ചിത്രകാരൻ പ്രഭൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂരിന്റെ വിവിധ ഘട്ടങ്ങളെ കാൻവാസിൽ പകർത്തിയ ഈ ചിത്രരചനയിൽ ഇ.വി. ഹരിചന്ദന, പൂജ കെ. കുമ്പള, നന്ദിതാ നാരായണൻ, ഇ.വി. ഹരിനന്ദന, ആവണി ഉണ്ണികൃഷ്ണൻ, വി.വി. കീർത്തന, അക്ഷയ് മുരളി, ആർ. വിഷ്ണു, കെ. പാർഥിപ് എന്നിവർ പങ്കെടുത്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ആർമി വെസ്റ്റേൺ കമാൻഡ് തയ്യാറാക്കിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ലഘുചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭീകരവാദ ക്യാമ്പുകൾ തകർത്ത സൈനിക നടപടികളുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രദർശനവും വിദ്യാർത്ഥികൾക്കായി ദേശീയോദ്ഗ്രഥന ക്ലാസും സംഘടിപ്പിച്ചു. കെ. ആദിത്യ, പി.വി. വിഷ്ണുരാജ് എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താൻ പരിപാടി സഹായകമായി.
Photo and News Source: Mathrubhumi










