കോട്ടയം ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ച സംഘത്തെ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്ന് പിടികൂടി. റെയിൽവേ അരമനപ്പടി റോഡിന് സമീപമുള്ള സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശികളായ മുഹമ്മദ് സമീർ ഖാൻ, ശരൺ, ഹരീഷ്, മാനന്തവാടി സ്വദേശി രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമയായ വയനാട് തിരുവനം സ്വദേശി ബാബുവിനെതിരെയും അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് ലഹരി ഉൽപ്പന്നങ്ങൾ വിറ്റ് വൻ ലാഭം കൊയ്യാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Photo and News Source: Kairali News