പശ്ചിമബംഗാളിലെ സി.പി.എം. മുഖപത്രമായ 'ഗണശക്തി'യിൽ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സർക്കാർ പരസ്യം പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രങ്ങൾ സഹിതം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻ പേജ് പരസ്യമാണ് ശനിയാഴ്ച പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
2011-ൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗണശക്തിക്ക് സർക്കാർ പരസ്യങ്ങൾ നിഷേധിക്കപ്പെട്ടത്. ഇടതുപക്ഷ സർക്കാരിനെ പുറത്താക്കി അധികാരത്തിലെത്തിയ മമത സർക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള വായനശാലകളിൽ നിന്ന് ഈ പത്രം ഒഴിവാക്കുകയും ചെയ്തിരുന്നു.
പരസ്യം ലഭിക്കാത്തത് പാർട്ടി പ്രസിദ്ധീകരണങ്ങളുടെ സാമ്പത്തിക അടിത്തറയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതിനെതിരെ സി.പി.എം. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ലഭിച്ച ഈ പരസ്യം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Photo and News Source: Mathrubhumi










