ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ ഹാന്റാവൈറസ് കേസുകളെ തന്റെ ഭരണകൂടം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും, നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണവിധേയമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കോവിഡ് മഹാമാരിയിൽ നിന്ന് വ്യത്യസ്തമായി, ഹാന്റാവൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അത്ര എളുപ്പത്തിൽ പകരില്ലെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ വൈറസിനെക്കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ അറിവുണ്ടെന്നും, വിദഗ്ധരായ ഒരു സംഘം ഇതിനെക്കുറിച്ച് പഠനം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച 'ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് ബാധയെത്തുടർന്ന് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. കപ്പലിലെ യാത്രക്കാരിൽ മൂന്ന് പേർക്ക് കൂടി വൈറസിന്റെ 'ആൻഡീസ്' വകഭേദം ബാധിച്ചതായി സംശയിക്കുന്നുണ്ട്. എട്ട് കേസുകളിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ഇതിൽ മൂന്ന് മരണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

സാധാരണയായി എലികളിൽ നിന്നോ അവയുടെ അവശിഷ്ടങ്ങളിൽ നിന്നോ ആണ് ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ, ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആൻഡീസ് വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുള്ളതാണെന്നത് ഗൗരവകരമാണ്. കുടുംബാംഗങ്ങൾക്കിടയിലോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്കിടയിലോ ഇത്തരത്തിൽ രോഗം പകരാൻ സാധ്യതയുണ്ട്. ഏപ്രിൽ 6-ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരു യാത്രക്കാരനാണ് ആദ്യം മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഏപ്രിൽ 25-നും മറ്റൊരു സ്ത്രീ മെയ് 2-നും മരണത്തിന് കീഴടങ്ങി.

ഹാന്റാവൈറസിന്റെ ഇൻകുബേഷൻ കാലയളവ് ആറ് ആഴ്ച വരെയായതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെങ്കിലും, പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയും സിംഗപ്പൂരും ഉൾപ്പെടെ 12 രാജ്യങ്ങൾക്ക് സംഘടന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Photo and News Source: Sathyam Online