തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിജയ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സർക്കാർ രൂപീകരണത്തിനുള്ള നിയമന ഉത്തരവ് കൈമാറി.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കാണ് ഇതോടെ പരിസമാപ്തിയാകുന്നത്. സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്നതിൽ എം.എൽ.എമാരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നതിൽ ഗവർണർ വിമുഖത കാണിച്ചിരുന്നു.

തുടർന്ന് 108 സീറ്റുകളിൽ നിന്ന് 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് ശേഷമാണ് ഗവർണർ വിജയ്ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. 120 എം.എൽ.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ വിജയ് രാജ്ഭവനിലേക്ക് തിരിച്ചെങ്കിലും, പാതിവഴിയിൽ മടങ്ങിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പിന്നീട് ഗവർണർ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയും, വിജയ് രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കുകയുമായിരുന്നു.

Photo and News Source: Sathyam Online