ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉറക്കക്കുറവ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് കൃത്യമായ ഉറക്കം അത്യന്താപേക്ഷിതമാണ്. നമ്മൾ ഉറങ്ങുമ്പോഴാണ് ശരീരത്തിന്റെ പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ഉറക്കം കുറയുന്നത് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ആരോഗ്യസ്ഥിതി മോശമാക്കുകയും ചെയ്യും. അമിതമായ സ്ക്രീൻ ഉപയോഗം, മാനസിക സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഉറക്കത്തെ ദോഷകരമായി ബാധിക്കാറുണ്ട്.
ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ മെലറ്റോണിൻ, സെറോട്ടോണിൻ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ അളവ് വർദ്ധിപ്പിച്ച് നല്ല ഉറക്കം നേടിയെടുക്കാൻ സാധിക്കും. ബദാം, വാഴപ്പഴം, കിവി, ഓട്സ്, വാൽനട്ട്, ചെറിപ്പഴം, മത്തങ്ങാവിത്ത്, തൈര് എന്നിവ ഉറക്കത്തെ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളാണ്. ഉദാഹരണത്തിന്, ബദാമിലെ മഗ്നീഷ്യം പേശികളെ ശാന്തമാക്കാൻ സഹായിക്കുമ്പോൾ, വാഴപ്പഴത്തിലെ ട്രിപ്റ്റോഫാൻ സെറോട്ടോണിനായും മെലറ്റോണിനായും മാറി ഉറക്കത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു.
കിടക്കുന്നതിന് മുൻപ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശരീരത്തെ റിലാക്സ് ചെയ്യാൻ സഹായിക്കും. അതുപോലെ, കഫീൻ അടങ്ങിയ പാനീയങ്ങൾ, അമിതമായ മസാലയും എണ്ണയും ചേർന്ന ഭക്ഷണങ്ങൾ, പഞ്ചസാര കൂടുതലുള്ള മധുരപലഹാരങ്ങൾ എന്നിവ രാത്രിയിൽ ഒഴിവാക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും. രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഭക്ഷണശീലത്തിലെ ഈ മാറ്റങ്ങൾക്കൊപ്പം ദിവസവും കൃത്യമായ ഉറക്കസമയം പാലിക്കുന്നതും വളരെ പ്രധാനമാണ്. ഇത്തരം ചെറിയ ക്രമീകരണങ്ങളിലൂടെ ഉറക്കക്കുറവ് പരിഹരിക്കാനും കൂടുതൽ ഉന്മേഷത്തോടെ ഓരോ ദിവസവും ആരംഭിക്കാനും സാധിക്കും. മരുന്നുകളെ ആശ്രയിക്കാതെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.
Photo and News Source: Samakalika Malayalam










