പ്രശസ്ത ചലച്ചിത്ര താരം ശാന്തി കൃഷ്ണ തന്റെ മകൾ മിതാലിയുടെ പുതിയ നേട്ടത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. അമേരിക്കയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (RIT) നടന്ന മിതാലിയുടെ ഓണേഴ്സ് ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ബിരുദദാന ചടങ്ങിൽ മക്കൾക്കൊപ്പമുള്ള ശാന്തി കൃഷ്ണയുടെ സന്തോഷം ചിത്രങ്ങളിൽ വ്യക്തമാണ്.
'എന്റെ മകൾ മിതാലിയുടെ ആർഐടി ഓണേഴ്സ് പ്രോഗ്രാം. അമേരിക്കയിലെ റോച്ചസ്റ്ററിലുള്ള ആർഐടിയിൽ നടന്ന ഓണേഴ്സ് ഗ്രാജുവേഷൻ സെറിമണി. നിന്നെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്' എന്ന് ശാന്തി കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മകളുടെ ഈ വലിയ നേട്ടത്തിൽ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
തന്റെ രണ്ടാം വിവാഹത്തിലെ മക്കളായ മിഥുലിനെയും മിതാലിയെയും കുറിച്ച് വാചാലയാകാറുള്ള ശാന്തി കൃഷ്ണ, മക്കളുടെ ഓരോ വിജയവും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും കരിയറിനും വലിയ പ്രാധാന്യം നൽകുന്ന അമ്മയാണ് താനെന്നും താരം നേരത്തെ പറഞ്ഞിരുന്നു.
സിനിമയിൽ സജീവമായ ശാന്തി കൃഷ്ണ, മക്കൾ നൽകുന്ന പിന്തുണയെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെയാണ് സംസാരിക്കാറുള്ളത്. നേരത്തെ ബംഗളൂരുവിൽ താമസിച്ചിരുന്ന താരം കഴിഞ്ഞ വർഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. മക്കളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്ന ശാന്തി കൃഷ്ണയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Photo and News Source: Samakalika Malayalam










