ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് നിരൂപകരും പ്രേക്ഷകരും ഒരേപോലെ വാഴ്ത്തിയ ചിത്രമാണ് 'മോഹിനിയാട്ടം'. തിയേറ്ററുകളിൽ വലിയ വിജയം കൈവരിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്. തിയേറ്ററിലേതിന് സമാനമായ മികച്ച സ്വീകാര്യതയാണ് ഒടിടിയിലും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ മലയാള സിനിമയ്ക്ക് പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചു.
അങ്ങേയറ്റം വയലൻസ് നിറഞ്ഞ ഒരു കഥാതന്തുവിനെ, ഒരു തുള്ളി ചോര പോലും കാണിക്കാതെ കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ സംവിധായകൻ കൃഷ്ണദാസ് മുരളിക്കായി. പോപ് കൾച്ചർ റഫറൻസുകളും മറ്റ് സിനിമകളിലേക്കുള്ള സൂചനകളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു. പല സീനുകളിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന സംവിധായകന്റെ ബ്രില്യൻസ് സോഷ്യൽ മീഡിയ പേജുകളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്രത്യേകിച്ച്, സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രം രുഗ്മിണിയമ്മയ്ക്ക് സമ്മാനമായി നൽകുന്ന പ്രഷർ കുക്കർ ക്ലൈമാക്സിൽ നിർണായകമാകുന്നുണ്ട്. ഗോവിന്ദരാജയെ വെട്ടിനുറുക്കി കിറ്റിലാക്കി കളയുന്നതിനിടെ, ഒരു കിറ്റ് വീടിനുള്ളിൽ പെട്ടുപോകുന്നു. പൊലീസെത്തിയ സാഹചര്യത്തിൽ അജയ് ഘോഷ് ആ കിറ്റ് കുക്കറിലിട്ട് വേവിക്കുന്ന രംഗം ഒടിടി റിലീസിന് ശേഷമാണ് പലരും ശ്രദ്ധിച്ചത്. 'ടെർമിനേറ്റർ' എന്ന ബ്രാൻഡ് നാമത്തിലുള്ള ആ കുക്കറിൽ തന്നെ ഗോവിന്ദരാജയെ വേവിക്കുന്നത് സംവിധായകന്റെ മികച്ചൊരു തമാശയായി പ്രേക്ഷകർ വിലയിരുത്തുന്നു.
സിനിമയിലെ തിരക്കഥയുടെ മികവിനെക്കുറിച്ച് വലിയ പ്രശംസയാണ് ഉയരുന്നത്. മറ്റ് സിനിമകളിലെ സംഭാഷണങ്ങളും സീനുകളും കഥയിൽ ഒട്ടും കൃത്രിമത്വം തോന്നാത്ത രീതിയിൽ റഫറൻസായി ഉപയോഗിക്കാൻ സംവിധായകന് സാധിച്ചു. സീനിയർ സുഭാഷും ജൂനിയർ സുഭാഷും തമ്മിലുള്ള കൂടിക്കാഴ്ചയും ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. അമ്പല പശ്ചാത്തലത്തിൽ ഇത്രയും വലിയൊരു ക്രൈം നടന്നിട്ടും വിവാദങ്ങൾ ഉണ്ടാകാത്തത് സിനിമയുടെ വിജയമാണെന്നും, അല്ലാത്തപക്ഷം അമ്പലങ്ങളെ കരിവാരിത്തേക്കുന്നു എന്നാരോപിച്ച് വലിയ വിമർശനങ്ങൾ ഉയർന്നേനെ എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Photo and News Source: Samakalika Malayalam










