മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കങ്ങൾ തെരുവിലേക്ക് നീങ്ങുന്നതിൽ കടുത്ത അതൃപ്തിയും മുന്നറിയിപ്പുമായി മുതിർന്ന നേതാവ് കെ.സി. ജോസഫ് രംഗത്ത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു. മൗനം പാലിക്കുന്നത് പാർട്ടിയുടെ നന്മ മുൻനിർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധ പ്രകടനങ്ങൾ അതിരുകടക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. 'മലർന്നു കിടന്ന് തുപ്പിയാൽ അത് നമ്മുടെ മുഖത്ത് തന്നെ വീഴും' എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തിനിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രം അപമാനിക്കപ്പെട്ടത് പ്രവർത്തകരെ ഏറെ വേദനിപ്പിച്ചതായും പറഞ്ഞു. ഇത്തരം പ്രവണതകൾ പാർട്ടിയുടെ ഐക്യത്തെ തകർക്കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.
'തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും' എന്ന് ശക്തമായ ഭാഷയിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും, പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യങ്ങൾ ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Mathrubhumi









