ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ നൽകിയ കമന്റ് ഒരു പ്രവാസി യുവതിക്ക് വിനയായി. ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ അത് വ്യാജമാണെന്ന് അർത്ഥം വരുന്ന രീതിയിൽ കമന്റ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് യുവതിക്കെതിരെ നിയമനടപടികൾ ഉണ്ടായത്. കുടുംബത്തോടൊപ്പം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയെ ദുബൈ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ബാഗിന്റെ ഉടമ നൽകിയ പരാതിയിൽ, തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചിരുന്നു. യുവതിയുടെ കമന്റിന് പിന്നാലെ മറ്റ് ചിലരും പരിഹാസവുമായി എത്തിയതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്.

വിമാനത്താവളത്തിൽ തടഞ്ഞുവെച്ച യുവതിയെ പിന്നീട് അജ്മാൻ പോലീസിന് കൈമാറി. ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞ യുവതി, ഒടുവിൽ പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസിൽ നിന്ന് ഒഴിവായത്. യുഎഇയിലെ കർശനമായ സൈബർ നിയമപ്രകാരം, സോഷ്യൽ മീഡിയയിലൂടെയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്.

സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തമാശയായോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടും. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ കാരണമാകില്ലെന്നും അൽ സുവൈദി വ്യക്തമാക്കി.

Photo and News Source: Suprabhaatham