കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വി.ഡി. സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഡല്‍ഹിയിലുണ്ട്. അതേസമയം, രമേശ് ചെന്നിത്തല ഇതുവരെ ഡല്‍ഹിയില്‍ എത്തിയിട്ടില്ല.

ഡല്‍ഹിയിലെത്തിയ വി.ഡി. സതീശന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. അദ്ദേഹത്തെ തോളിലേറ്റി കേരള ഹൗസിലേക്ക് ആനയിച്ച പ്രവര്‍ത്തകര്‍, തൊട്ടുപിന്നാലെയെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നേരെ മുദ്രാവാക്യം വിളിച്ചു. നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നതില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കാതെ എത്രയും വേഗം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം ഘടകകക്ഷികളും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ജനവികാരം മാനിച്ചുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

കെ.സി. വേണുഗോപാലിന്റെ നിലപാടും ചര്‍ച്ചയാകുന്നുണ്ട്. എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന അദ്ദേഹം, ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് എം.പിമാരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അനിവാര്യമായ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് കെ.സി. വേണുഗോപാലിന്റെ നീക്കമെന്നും സൂചനയുണ്ട്. എന്തായാലും ഇന്നത്തെ ചര്‍ച്ചകളിലൂടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

Photo and News Source: Suprabhaatham