മലയാള സിനിമയിലെ യുവതാരം ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ദൃഢം' തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. തമിഴിലെ ഹിറ്റ് ചിത്രം 'പോർ തൊഴിൽ' നിർമ്മിച്ചവരുടെ ബാനറിൽ എത്തുന്ന ഈ ചിത്രം, ഒരു സ്ലോ ബേർണിംഗ് പോലീസ് സ്റ്റോറിയായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ സഹപ്രവർത്തകനായിരുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്. 26 വയസ്സിൽ എസ്.ഐ ആയി ചുമതലയേൽക്കുന്ന ഒരു യുവാവിന്റെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം. കുഴിനിലം എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ൻ നിഗം വേഷമിടുന്നു. താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കുന്ന നായകൻ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളും വെല്ലുവിളികളുമാണ് സിനിമയുടെ ഇതിവൃത്തം.
പവർഫുൾ ആയ ഒരു പോലീസ് കഥാപാത്രത്തിനപ്പുറം, സാഹചര്യങ്ങളെ നേരിടാനും തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും ശ്രമിക്കുന്ന ഒരു സാധാരണ ഉദ്യോഗസ്ഥന്റെ മാനസിക സംഘർഷങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. തികച്ചും റിയലിസ്റ്റിക്കായ ശൈലിയിൽ ഒരു വ്യക്തിയുടെ വളർച്ചയെ സിനിമ അടയാളപ്പെടുത്തുന്നു. പ്രേക്ഷകർക്ക് തങ്ങളുമായി ചേർത്തുനിർത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ചിത്രത്തിലുടനീളമുണ്ട്.
ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവരാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും ശ്രീരാഗ് സജി സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
Photo and News Source: Asianet News









