മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം മെയ് 21-ന് തിയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ജന്മദിനം കൂടിയായതിനാൽ ആരാധകർ ഇരട്ടി ആവേശത്തിലാണ്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ന് വൈകുന്നേരം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങും. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. 'ലാലേട്ടാ മെയ് 21-ന് തൂക്കണം' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി പ്രസ് മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോൾ 'തൂക്കും' എന്ന് മോഹൻലാൽ ചിരിച്ചുകൊണ്ട് മറുപടി നൽകുകയായിരുന്നു.
യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 2-ന് നിശ്ചയിച്ചിരുന്ന റിലീസ് മെയ് 21-ലേക്ക് മാറ്റുകയായിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Photo and News Source: Samakalika Malayalam









