ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലുള്ള മൗണ്ട് ഡുകോനോ അഗ്നിപർവ്വതത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പർവതാരോഹകർ കൊല്ലപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് മലകയറാൻ ശ്രമിച്ച 20 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ 7:41-ഓടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടർന്ന് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ വരെ പുക ഉയർന്നു. വെള്ളിയാഴ്ച ഉച്ചയോടെ 14 പർവതാരോഹകരെ സുരക്ഷിതമായി താഴെ എത്തിക്കാൻ അധികൃതർക്ക് സാധിച്ചു. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നത് അധികൃതർ നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി പലരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ സ്ഫോടനം തുടരുന്നതും മോശം കാലാവസ്ഥയും കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Kairali News










