ബോളിവുഡിന്റെ സ്വന്തം ‘ഗ്രീക്ക് ദേവൻ’ ഹൃത്വിക് റോഷൻ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ കരിയറിലെ ആദ്യ ചിത്രമായ ‘കഹോ നാ പ്യാർ ഹേ’ എന്ന സിനിമയിലെ പ്രശസ്തമായ ഗാനത്തിന് താരം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാനിലെ സൂര്യഗഢിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് ഹൃത്വിക് ഈ ഗാനത്തിന് ചുവടുവെച്ചത്.

വെളുത്ത കുർത്തയും പൈജാമയും ധരിച്ച് അതീവ സുന്ദരനായി എത്തിയ ഹൃത്വിക്കിന്റെ നൃത്തം കാണാൻ നിരവധി അതിഥികളാണ് തടിച്ചുകൂടിയത്. 52 വയസ്സിലും 32 വയസ്സുകാരന്റെ ചുറുചുറുക്കും ഊർജ്ജസ്വലതയും താരം നിലനിർത്തുന്നുണ്ടെന്നാണ് ആരാധകരുടെ പ്രധാന അഭിപ്രായം. താരത്തിന്റെ പ്രസരിപ്പും നൃത്തച്ചുവടുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

2000-ൽ പുറത്തിറങ്ങിയ ‘കഹോ നാ പ്യാർ ഹേ’ ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷനാണ് സംവിധാനം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കുകയും ഹൃത്വിക്കിനെ ഒറ്റരാത്രികൊണ്ട് സൂപ്പർതാര പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. അമീഷ പട്ടേൽ നായികയായ ചിത്രത്തിൽ അനുപം ഖേർ, ആഷിഷ് വിദ്യാർത്ഥി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഹൃത്വിക് റോഷൻ. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ‘ക്രിഷ് 4’ സംവിധാനം ചെയ്യുന്നത് ഹൃത്വിക് ആയിരിക്കും. ഈ വർഷം ചിത്രീകരണം പൂർത്തിയാക്കി അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അടുത്തിടെ പുറത്തിറങ്ങിയ ‘വാർ 2’ ആണ് ഹൃത്വിക്കിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Photo and News Source: Kairali News