ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ (ഐ.എച്ച്.കെ) ഈ വർഷത്തെ മാദ്ധ്യമ പുരസ്‌കാരത്തിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അർഹനായി. അച്ചടി മാദ്ധ്യമ വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ചാലക്കുടിയിൽ വെച്ച് നടക്കുന്ന ഐ.എച്ച്.കെയുടെ 108-ാമത് സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രഭു വാര്യരെ കൂടാതെ, ഡോ. കെ.പി. സുധാകരൻ നായർ മെമ്മോറിയൽ വിഷ്വൽ മീഡിയ അവാർഡ് ഡോ. രാജേഷ് കുമാറും, ഓഡിയോ മീഡിയ അവാർഡ് ക്ലബ് എഫ്.എമ്മും കരസ്ഥമാക്കി.
ഇതോടൊപ്പം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. എൻ.കെ. ജയറാം അവാർഡ് ഡോ. കെ.എൻ. സന്തോഷ്‌കുമാറിനും, ഡോ. ആർ. പ്രകാശ് മെമ്മോറിയൽ ഓർഗനോൺ പ്രതിഭാ പുരസ്‌കാരം ഡോ. ഹന കുരിക്കളിനും ലഭിച്ചു. ഡോ. ബി. ജയപ്രകാശിനി മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ എക്സലൻസ് അവാർഡിന് ഡോ. സായിജി പി.ആർ അർഹനായി.
2008 മുതൽ കേരളകൗമുദി പത്രാധിപസമിതി അംഗമായ പ്രഭു വാര്യർക്ക് മാദ്ധ്യമ രംഗത്ത് 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. കോക്കൂർ ഗവൺമെന്റ് സ്‌കൂൾ അദ്ധ്യാപികയായ ആശ വാര്യരാണ് ഭാര്യ. എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ആര്യ വാര്യർ മകളാണ്.
Photo and News Source: Kerala Kaumudi Latest










