ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ (DM) ലഭ്യമായിരുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സൗകര്യം മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. 2026 മെയ് എട്ട് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. ഇതോടെ ഇൻസ്റ്റഗ്രാം ചാറ്റുകൾക്ക് മുൻപ് ലഭിച്ചിരുന്ന പൂർണമായ സ്വകാര്യത ഉപയോക്താക്കൾക്ക് നഷ്ടമാകും. 2023 മുതൽ ഇൻസ്റ്റഗ്രാമിൽ ഈ സുരക്ഷാ സംവിധാനം ലഭ്യമായിരുന്നു.

ഈ മാറ്റത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രധാനമായ സന്ദേശങ്ങളോ മീഡിയ ഫയലുകളോ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവ ഡൗൺലോഡ് ചെയ്ത് ബാക്കപ്പ് എടുക്കണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു. എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതോടെ സന്ദേശങ്ങൾ ട്രാക്ക് ചെയ്യപ്പെടാനും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്താൻ കമ്പനിക്ക് സാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിലയിരുത്തൽ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ് തുടങ്ങിയവ തടയാൻ സന്ദേശങ്ങൾ സ്കാൻ ചെയ്യേണ്ടത് അനിവാര്യമാണെന്ന് കമ്പനി കരുതുന്നു. നേരത്തെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നിയമനടപടികളും പിഴകളും ഇൻസ്റ്റഗ്രാമിന് നേരിടേണ്ടി വന്നിരുന്നു.

എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ സന്ദേശങ്ങളുടെ സ്വകാര്യതയിൽ ആശങ്കയുള്ള ഉപയോക്താക്കൾക്ക് മറ്റ് സുരക്ഷിതമായ ചാറ്റിംഗ് ആപ്പുകളെ ആശ്രയിക്കേണ്ടി വരും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുമെന്നതിനാൽ, സ്വകാര്യ വിവരങ്ങൾ കൈമാറുമ്പോൾ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Photo and News Source: Kerala Kaumudi