കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സച്ചിദാനന്ദൻ രാജിവെച്ചു. തൃശൂരിലെ അക്കാദമി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം പദവി ഒഴിഞ്ഞത്. ഭരണമാറ്റത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
2022 മാർച്ചിലാണ് കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. തന്റെ ഔദ്യോഗിക കാലയളവിൽ പല വിഷയങ്ങളിലും പിണറായി സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. അധികാരം പാർട്ടിയെ നശിപ്പിക്കുമെന്നും, തുടർച്ചയായ ഭരണത്തേക്കാൾ മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിന് നല്ലതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ അക്കാദമികളിൽ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്. പത്തുവർഷത്തിന് ശേഷം സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവയുടെ തലപ്പത്തുള്ള ഭാരവാഹികളും സ്ഥാനമൊഴിയാൻ തയ്യാറെടുക്കുകയാണ്. ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, സെക്രട്ടറിമാർ എന്നിവരടങ്ങുന്ന നേതൃനിരയാണ് മാറുന്നത്. സച്ചിദാനന്ദന് പുറമെ കരിവെള്ളൂർ മുരളി ഉൾപ്പെടെയുള്ളവരും സ്ഥാനമൊഴിയുന്നവരിൽ ഉൾപ്പെടുന്നു.
Photo and News Source: Mathrubhumi










