കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ കെ ശൈലജ. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നിട്ടും നേതൃത്വം നിർബന്ധപൂർവ്വം മത്സരിപ്പിക്കുകയായിരുന്നുവെന്ന് അവർ തുറന്നടിച്ചത്. പരാജയപ്പെടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും തന്നെ ഈ മണ്ഡലത്തിലേക്ക് നിയോഗിച്ചതിലുള്ള അതൃപ്തിയാണ് അവർ നേതൃത്വത്തിന് മുന്നിൽ വ്യക്തമാക്കിയത്.

മട്ടന്നൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കെ കെ ശൈലജയ്ക്ക് പേരാവൂരിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സി പി എം കോട്ടകളെന്ന് കരുതിയിരുന്ന ഇടങ്ങളിൽ പോലും വോട്ടുകൾ സമാഹരിക്കാൻ അവർക്ക് സാധിച്ചില്ല. പായം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല, ഇരിട്ടി നഗരസഭയിലും മുഴക്കുന്ന് പഞ്ചായത്തിലും സണ്ണി ജോസഫ് വ്യക്തമായ ആധിപത്യം പുലർത്തുകയും ചെയ്തു.

ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ തുടങ്ങിയ പഞ്ചായത്തുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് വൻ ഭൂരിപക്ഷം നേടിയപ്പോൾ, പേരാവൂരിലെ ഭൂരിഭാഗം ബൂത്തുകളിലും ശൈലജയ്ക്ക് പിന്നോട്ട് പോകേണ്ടി വന്നു. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശൈലജ നടത്തിയ ഈ വിമർശനം സി പി എം കണ്ണൂർ ജില്ലാ ഘടകത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Photo and News Source: Siraj Live