മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിൽ നടന്ന ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അത് തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിലെ ജീവനക്കാർ ഉന്നയിച്ച ഗുരുതരമായ പരാതികളെത്തുടർന്നാണ് നിദ ഖാനെതിരെ പോലീസ് കേസെടുത്തത്. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി എട്ടോളം വനിതാ ജീവനക്കാരാണ് പരാതി നൽകിയത്. വർഷങ്ങളായി തുടരുന്ന ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പോലീസ് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിദ ഖാൻ ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. സംഭവത്തിൽ നേരത്തെ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
Photo and News Source: Asianet News








