നാരങ്ങാനത്തെ പ്രധാന ഗ്രാമീണ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നു. മാവുങ്കൽപ്പടി-ആലുങ്കൽ റോഡ്, കാക്കനാട്ടുപടി-വളഞ്ഞിലേത്തുപടി റോഡ്, കല്ലൂർ-വഴിത്താനം-കടമ്മനിട്ട റോഡ് എന്നിവയാണ് യാത്രക്കാർക്ക് വലിയ ദുരിതം സമ്മാനിക്കുന്നത്. ഇതിൽ മാവുങ്കൽപ്പടി-ആലുങ്കൽ, കാക്കനാട്ടുപടി-വളഞ്ഞിലേത്തുപടി റോഡുകൾ അവസാനമായി ടാർ ചെയ്തത് മൂന്ന് വർഷം മുൻപാണ്. കല്ലൂർ-വഴിത്താനം-കടമ്മനിട്ട റോഡിന്റെ അവസ്ഥ ഇതിലും ദയനീയമാണ്; 11 വർഷമായി ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ റോഡുകൾ നന്നാക്കണമെന്ന് നാട്ടുകാർ പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, അങ്കണവാടി എന്നിവ സ്ഥിതി ചെയ്യുന്ന മാവുങ്കൽപ്പടി-നാരങ്ങാനം റോഡിലൂടെയുള്ള യാത്ര വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ അനുവദിച്ചതായി അവകാശപ്പെട്ടെങ്കിലും, റോഡ് പണി എവിടെയുമെത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്ന് കിലോമീറ്ററോളം ദൂരമാണ് ഇവിടെ തകർന്നു കിടക്കുന്നത്.

കല്ലൂർ-വഴിത്താനം-കടമ്മനിട്ട റോഡിലെ ഒന്നേമുക്കാൽ കിലോമീറ്റർ ഭാഗം പൂർണ്ണമായും തകർന്നിരിക്കുകയാണ്. 2015-ൽ അന്നത്തെ എം.എൽ.എ ശിവദാസൻ നായരുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ശേഷം പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. കടമ്മനിട്ട ഹൈസ്കൂൾ, എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ഇരുന്നൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിൽ നിന്നും ജില്ലാ പഞ്ചായത്ത് റോഡുകളുടെ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നിലച്ചതെന്ന് നാട്ടുകാർ പറയുന്നു. കാക്കനാട്ടുപടി-വളഞ്ഞിലേത്തുപടി റോഡ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. ഇവിടെ മൂന്ന് തവണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. റോഡിന് കുറുകെയുള്ള പാലത്തിന്റെ ബലക്ഷയവും നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Photo and News Source: Mathrubhumi