തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ സി പി എം നേതൃത്വത്തിനെതിരെ ഉയരുന്ന ഫ്ലക്സ് ബോർഡുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ജില്ലാ നേതൃത്വം. പാര്‍ട്ടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് രാഷ്ട്രീയ എതിരാളികൾ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. പാർട്ടി അനുഭാവികളെന്ന വ്യാജേന ചിലർ ഇതിൽ പങ്കാളികളാകുന്നത് ഗൗരവകരമാണെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.

മുതിർന്ന നേതാക്കളെ രണ്ട് തട്ടിലാക്കി ചിത്രീകരിക്കുന്ന ഇത്തരം പ്രചാരണങ്ങൾ പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധനകൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിൽ പാർട്ടിക്ക് ദോഷകരമാകുന്ന എല്ലാവിധ പ്രചാരണങ്ങളിൽ നിന്നും പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് നേതൃത്വം അഭ്യർത്ഥിച്ചു.

അതേസമയം, തന്റെ ചിത്രം വെച്ച് ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പി ജയരാജൻ തന്നെ രംഗത്തെത്തി. ഇത്തരം ബോർഡുകൾ നീക്കം ചെയ്യണമെന്നും തന്നെ പ്രകീർത്തിച്ചും മറ്റ് നേതാക്കളെ ഇകഴ്ത്തിയും സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വേണം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇതിനിടയിലും നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിൽ 'കുറുമാത്തൂർ സഖാക്കൾ' എന്ന പേരിൽ സ്ഥാപിച്ച ബോർഡുകളിൽ, സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി ജയരാജനും വരണമെന്ന് ആവശ്യപ്പെടുന്നു. ഇ എം എസിന്റെ ചിത്രത്തിനൊപ്പം നേതാക്കളെ വിമർശിക്കുന്ന വാചകങ്ങളും ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Photo and News Source: Siraj Live