സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. തൊടുപുഴ മങ്ങാട്ടുകവലയിൽ ജില്ലാ നേതാക്കളുടെ പിന്തുണയോടെ പ്രവർത്തകർ പ്രകടനം നടത്തുകയും വി.ഡി. സതീശനെ അനുകൂലിച്ചുകൊണ്ട് കൂറ്റൻ ഫ്ലക്സുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.

തൊടുപുഴയ്ക്ക് പുറമെ കോഴിക്കോട് കുറ്റ്യാടിയിലും കൊല്ലം പന്മനയിലും സമാനമായ രീതിയിൽ വി.ഡി. സതീശനെ പിന്തുണച്ച് പ്രവർത്തകർ പ്രകടനം നടത്തി. 'ഞങ്ങൾക്ക് ഒന്നേ നേതാവുള്ളൂ, വി.ഡി. സതീശൻ നേതാവേ' എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ തുടർന്നത് ശ്രദ്ധേയമായി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സന്ദീപ് വാര്യരുടെ വീഡിയോ പുറത്തുവന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ പുതിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും പിന്തുണയ്ക്കുന്നവർ തമ്മിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാവുകയാണ്.

Photo and News Source: Kairali News