കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. തൃക്കരിപ്പൂരിലെ നിയുക്ത എംഎൽഎ സന്ദീപ് വാര്യർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
സന്ദീപ് വാര്യരുടെ ഈ നിലപാടിനെതിരെ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കിച്ചു. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരും വി ഡി സതീശനെ അനുകൂലിക്കുന്നവരും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് നടന്നത്. വി ഡി സതീശനാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്നും, കെ സി വേണുഗോപാലിന്റെ പേര് ഉയർത്തിക്കാട്ടുന്നത് നന്ദികേടാണെന്നും ഒരു വിഭാഗം പ്രവർത്തകർ സന്ദീപ് വാര്യരോട് തുറന്നടിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ മത്സരിച്ചാൽ ജനങ്ങൾ അദ്ദേഹത്തെ തോൽപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണികളും ഗ്രൂപ്പിൽ ഉയർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ തെരുവിലിറങ്ങുന്ന സാഹചര്യമാണുള്ളത്. കണ്ണൂരിലും എറണാകുളത്തും വി ഡി സതീശനെ പിന്തുണച്ച് പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയിരുന്നു. പാർട്ടിയിലെ ഈ ആഭ്യന്തര തർക്കം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്കും വ്യാപിക്കുന്നത് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
Photo and News Source: Kairali News










