കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പെട്ടിക്കടയും ലോട്ടറി സ്റ്റാളും പൂർണ്ണമായും കത്തിനശിച്ചു. സർവീസ് റോഡരികിൽ പ്രവർത്തിച്ചിരുന്ന കടന്നപ്പള്ളി സ്വദേശി സി.വി. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലാണ് ആദ്യം തീപിടിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ പരിയാരം പോലീസ് പയ്യന്നൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ, തീ അതിവേഗം പടർന്നതിനാൽ സമീപത്തുണ്ടായിരുന്ന കുളപ്പുറം സ്വദേശി യു.കെ. സുധാകരന്റെ ഉടമസ്ഥതയിലുള്ള 'നന്ദന' ലോട്ടറി സ്റ്റാളിലേക്കും തീ പടരുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ കെ.വി. വിപിൻ, ജിനോ ജോൺ, എം.എസ്. അഖിൽ, എസ്. ജിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. അപകടത്തിൽ പെട്ടിക്കടയും ലോട്ടറി സ്റ്റാളും പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Photo and News Source: Kerala Online News










