പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കുന്ന പുതിയ ചിത്രമായ 'ബന്ദർ'ന്റെ ടീസർ പുറത്തിറങ്ങി. ബോബി ഡിയോൾ, ഇന്ദ്രജിത്ത് സുകുമാരൻ, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. റോക്ക് സ്റ്റാർ ലുക്കിലുള്ള ബോബി ഡിയോളിന്റെ പ്രകടനം ടീസറിൽ ശ്രദ്ധേയമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം അതീവ ഗൗരവമുള്ളതും സെൻസിറ്റീവുമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ് വ്യക്തമാക്കി. പാതാൾ ലോക്, കൊഹ്‌റ തുടങ്ങിയ ശ്രദ്ധേയമായ പരമ്പരകളുടെ രചയിതാക്കളായ സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സീ സ്റ്റുഡിയോസും സാഫ്രോൺ മാജിക് വർക്ക്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവർക്ക് പുറമെ സന്യ മൽഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ജൂൺ 5-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Photo and News Source: Mathrubhumi