കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക നടപടികളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടക്കുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വ്യാഴാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ചേരും. ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. യോഗത്തിന് ശേഷം എംഎല്‍എമാരുമായി നിരീക്ഷകര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള സമ്പൂര്‍ണ്ണ അധികാരം കോണ്‍ഗ്രസ് അധ്യക്ഷന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗത്തില്‍ പാസാക്കും.

എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെങ്കിലും, അത് മാത്രമായിരിക്കില്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം. പൊതുജനാഭിപ്രായം, ഘടകകക്ഷികളുടെ പിന്തുണ, ഭരണപരിചയം, മുന്നണിയെ നയിക്കാനുള്ള കഴിവ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഹൈക്കമാന്‍ഡ് പരിശോധിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ. ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും നിരീക്ഷകര്‍ ആശയവിനിമയം നടത്തും.

വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. എംഎല്‍എമാരുടെ അഭിപ്രായത്തിന് പുറമേ, ജനവികാരം കൂടി കണക്കിലെടുത്ത് ബദല്‍ മാര്‍ഗങ്ങളിലൂടെയും ഹൈക്കമാന്‍ഡ് വിവരശേഖരണം നടത്തുന്നുണ്ട്. ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

Photo and News Source: Samakalika Malayalam