ബംഗളൂരുവിൽ തെരുവുനായ ഷെൽട്ടർ ഹോം നടത്തിയിരുന്ന തൃശൂർ സ്വദേശി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ വെച്ച് കർണാടക പൊലീസിന്റെ പിടിയിലായി. വാടാനപ്പിള്ളി സ്വദേശിനിയായ സുനിതയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഷെൽട്ടർ ഹോമിൽ ജോലിക്ക് എത്തിയതായിരുന്നു സുനിതയും മറ്റ് രണ്ട് യുവതികളും. ഇവിടെ വെച്ച് ദീപക് കൃഷ്ണൻ സുനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും, ഇതിനെ സുനിത ശക്തമായി എതിർക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, സുനിതയുടെ തല ചുവരിലും അലമാരയിലും ആവർത്തിച്ച് ഇടിക്കുകയായിരുന്നു. നിലത്തുവീണ യുവതിയുടെ നെഞ്ചിൽ ചവിട്ടിയതായും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേരളത്തിൽ ഏറെ ചർച്ചയായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, വിഐപി തടവുകാരിയാണെന്ന നിർണ്ണായക വെളിപ്പെടുത്തൽ നേരത്തെ നടത്തിയത് സുനിതയായിരുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
Photo and News Source: Samakalika Malayalam









