കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള അധികാരം എഐസിസി ഹൈക്കമാന്‍ഡിന് വിട്ടുനല്‍കി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേര്‍ന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്തുണച്ചു. യോഗത്തിന് ശേഷം നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകര്‍ ചര്‍ച്ചകള്‍ നടത്തും.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 45 എംഎല്‍എമാര്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചതായാണ് സൂചന. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഏഴ് വീതം എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ നാല് പേര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. വി എം സുധീരന്‍, പി ജെ കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും നിരീക്ഷകര്‍ ചര്‍ച്ച നടത്തി. നിരീക്ഷകര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊള്ളും.
Photo and News Source: Samakalika Malayalam










