തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിക്ക് അഭിവാദ്യമർപ്പിച്ചും പാർട്ടി നേതൃത്വത്തെ വിമർശിച്ചും പ്രത്യക്ഷപ്പെട്ട ഫ്ലെക്സ് ബോർഡുകൾക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ രംഗത്ത്. ഇത്തരം പ്രചാരണങ്ങൾ പാർട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ' എന്നെഴുതിയ ബോർഡുകൾ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അഴീക്കോട്, മട്ടന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം ബോർഡുകൾ ഉയർന്നത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെ അണികൾക്കിടയിൽ നിന്നുയർന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടായത്.
ഫ്ലെക്സ് ബോർഡുകൾ വെച്ചുള്ള പ്രചാരണം കോൺഗ്രസ് സംസ്കാരമാണെന്നും കമ്മ്യൂണിസ്റ്റ് രീതി അതല്ലെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയപരാജയങ്ങൾ സ്വാഭാവികമാണെന്നും അവ വസ്തുനിഷ്ഠമായി വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിലവിലെ ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയത്തിന്റെ പേരിൽ ചില നേതാക്കളെ ലക്ഷ്യം വെച്ചുള്ള പരസ്യ വിമർശനങ്ങൾ വലതുപക്ഷ ശക്തികൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുകയാണ്. അതിനാൽ സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും, അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി വേദികളിൽ അറിയിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Photo and News Source: Mathrubhumi










