ലഡാക്കിലെ കാര്‍ഗിലില്‍ സുരു നദിയില്‍ വീണ് ഒഴുക്കില്‍പ്പെട്ട ഒമ്പതുവയസ്സുകാരന്‍ സുല്‍ഖര്‍നൈന്‍ അലിയുടെ മൃതദേഹം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്‍ഗിലിലെ ഹണ്ടര്‍മാന്‍ സ്വദേശിയായ ബാലന്‍ നദിയില്‍ വീണത്. ലഡാക്കിലൂടെ ഒഴുകുന്ന സുരു നദി പാക് അധീന കശ്മീരിലെ ബാല്‍ട്ടിസ്ഥാനിലേക്കാണ് ഒഴുകുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സജ്ജാദ് കാര്‍ഗിലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഇടപെടലുകളെത്തുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാനും കൈമാറാനും പാകിസ്ഥാന്‍ തയ്യാറായത്.
ബുധനാഴ്ച കശ്മീരിലെ തീത്വാള്‍-കേരന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇന്ത്യന്‍ അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് കാര്‍ഗിലിലെത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തി. എന്നാല്‍, ഈ സംഭവം കാര്‍ഗില്‍ അതിര്‍ത്തിയില്‍ ഒരു 'ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേഷന്‍ പോയിന്റ്' അഥവാ മാനുഷിക ഏകോപന കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
നിലവില്‍ കാര്‍ഗില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും അധികൃതര്‍ക്ക് ആശയവിനിമയം നടത്താനോ മൃതദേഹങ്ങള്‍ കൈമാറാനോ ഉള്ള സംവിധാനങ്ങളില്ല. ഇതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള കുപ്വാരയിലെ കേരന്‍ അതിര്‍ത്തി വഴിയാണ് മൃതദേഹം എത്തിക്കേണ്ടി വന്നത്. ഇത്തരം സംവിധാനങ്ങളുടെ അഭാവം മൂലം കഴിഞ്ഞ വര്‍ഷം അതിര്‍ത്തി കടന്നെത്തിയ പല മൃതദേഹങ്ങളും പാക് അധീന കശ്മീരിലെ ഖര്‍മാംഗില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നിരുന്നു.
പാകിസ്ഥാന്റെ മാനുഷികമായ ഈ നടപടിയെ സജ്ജാദ് കാര്‍ഗിലി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇടപെട്ട് കാര്‍ഗില്‍-ഖര്‍മാംഗ് അതിര്‍ത്തിയില്‍ സ്ഥിരമായ ഒരു സമാധാന കേന്ദ്രം സ്ഥാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് ഭാവിയില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ സഹായിക്കും.
Photo and News Source: Sathyam Online










