തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ, തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് പാർട്ടിയിലെ നിയുക്ത എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് രാവിലെ 10.30-നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.
സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കാത്തതാണ് വിജയിക്ക് തിരിച്ചടിയായിരിക്കുന്നത്. നിലവിൽ കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ടിവികെയ്ക്കുള്ളത്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ പാർട്ടിക്ക് ഇനിയും അഞ്ച് സീറ്റുകൾ കൂടി ആവശ്യമാണ്. ഇടത് പാർട്ടികളുടെ പിന്തുണ തേടി വിജയ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.
കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഈ നിലപാട്. ഇതോടെ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
Photo and News Source: Kairali News










