പുതിയൊരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും ആദ്യ ചോയ്‌സ് ഇന്നും മാരുതി സുസുക്കിയാണ്. ഡീസൽ വാഹനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറിയെങ്കിലും, പെട്രോൾ, സിഎൻജി വിപണിയിൽ മാരുതിയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാത്തതാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 25 കാറുകളിൽ 9 എണ്ണവും മാരുതിയുടേതാണെന്നത് ശ്രദ്ധേയമാണ്.

ഈ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 'പെപ്പിക്കുട്ടി'യായ സ്വിഫ്റ്റാണ്. ബലേനോ, ഫ്രോങ്ക്‌സ്, ബ്രെസ തുടങ്ങിയ സഹോദര മോഡലുകളെയും, എതിരാളികളായ ക്രെറ്റ, പഞ്ച് എന്നിവയെയും ബഹുദൂരം പിന്നിലാക്കിയാണ് സ്വിഫ്റ്റ് ഈ നേട്ടം കൈവരിച്ചത്. നാല് സിലിണ്ടർ എഞ്ചിനിൽ നിന്ന് മൂന്ന് സിലിണ്ടർ എഞ്ചിനിലേക്ക് മാറിയെങ്കിലും, സ്വിഫ്റ്റിന്റെ ജനപ്രീതിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പ്രതിമാസ വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു.

5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില. താങ്ങാനാവുന്ന വില, മികച്ച റീസെയിൽ വാല്യു, ആകർഷകമായ ഡിസൈൻ, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയാണ് സ്വിഫ്റ്റിനെ എക്കാലവും ജനപ്രിയമാക്കുന്നത്. പുതിയ തലമുറ സ്വിഫ്റ്റിൽ 1.2 ലിറ്റർ Z-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 80 bhp കരുത്തും 112 Nm ടോർക്കും നൽകുന്നു. മാനുവൽ പതിപ്പിൽ 24.80 കിലോമീറ്ററും എഎംടി പതിപ്പിൽ 25.75 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പെട്രോളിന് പുറമെ സിഎൻജി പതിപ്പിലും സ്വിഫ്റ്റ് ലഭ്യമാണ്. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് നൽകുന്ന സിഎൻജി മോഡലിന് മികച്ച സ്വീകാര്യതയാണുള്ളത്. സുരക്ഷയുടെ കാര്യത്തിലും പുതിയ സ്വിഫ്റ്റ് ഏറെ മുന്നിലാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ആധുനിക ഫീച്ചറുകളും യാത്ര സുഖകരമാക്കുന്നു.

Photo and News Source: DriveSpark