കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ വൈകുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. കോൺഗ്രസ് മന്ത്രിമാരെ സംബന്ധിച്ച അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിൽ മാത്രമായിരിക്കും തയ്യാറാക്കുക.
മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോൾ ഗ്രൂപ്പ് താല്പര്യങ്ങൾക്ക് അതീതമായി മെറിറ്റ് അഥവാ യോഗ്യതയ്ക്ക് മാത്രമായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടക്കുകയുള്ളൂ. ഇതിനുശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം പുറത്തുവരിക.
അതേസമയം, പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാണ്. കെ.സി. വേണുഗോപാൽ വിഭാഗം 47 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തല 16 എംഎൽഎമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു. വി.ഡി. സതീശൻ ക്യാമ്പ് 9 എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെടുന്നു. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ നിലപാട് മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകുന്നതായും സൂചനയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ചേരിതിരിഞ്ഞുള്ള സ്വീകരണ പരിപാടികളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരങ്ങൾ തേടിയിട്ടുണ്ട്. രാഹുലിന്റെ ഓഫീസിലേക്ക് ഇമെയിൽ അയക്കാനുള്ള ആഹ്വാനത്തെയും പാർട്ടി നേതൃത്വം ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ മല്ലികാർജുൻ ഖർഗെയോടും രാഹുൽ ഗാന്ധിയോടും തന്റെ നിലപാട് വ്യക്തമാക്കാൻ നേതാക്കൾ തയ്യാറായിട്ടില്ല.
Photo and News Source: Asianet News









