വാട്ടർഫോർഡ്: മലയാള സിനിമയിലും നാടകവേദിയിലും ശ്രദ്ധേയനായ നടൻ സന്തോഷ് കീഴാറ്റൂർ, വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘എന്റെ മലയാളം’ ക്രിയേറ്റീവ് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മീറ്റ് ദ ആക്ടർ’ എന്ന പ്രത്യേക ഇന്ററാക്ടീവ് സെഷനിൽ മെയ് 10-ന് പങ്കെടുക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിപാടി, ഫാറൂശോനീൻ യൂത്ത് സെന്ററിൽ (ഫാറോൺഷോണീൻ യൂത്ത്സെൻററിൽ, എക്സ്91 ഡബ്ല്യൂ276) ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ നടക്കും.

തന്റെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിലെ അനുഭവങ്ങളും അഭിനയരംഗത്തെ ആഴത്തിലുള്ള അറിവുകളും പങ്കുവെക്കാൻ സന്തോഷ് കീഴാറ്റൂർ തയ്യാറാണ്. അഭിനയം അനുകരണമല്ലെന്നും, അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വ വികാസത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കും. കുട്ടികൾക്കും യുവാക്കൾക്കും നടനുമായി നേരിട്ട് സംവദിക്കാനും അഭിനയരംഗത്തെ സംശയങ്ങൾ നീക്കം ചെയ്യാനുമുള്ള അപൂർവ്വ അവസരമാണിത്. അൻപത്തിയഞ്ചിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത സന്തോഷ് കീഴാറ്റൂർ, മലയാളികളുടെ ഇഷ്ടനടനാണ്. നാടകത്തോടുള്ള അടങ്ങാത്ത ആവേശം പ്രകടിപ്പിക്കുന്ന ഏകാംഗ നാടകങ്ങളും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായിട്ടുണ്ട്.

തന്റെ കരിയറിലെ വെല്ലുവിളികളും വിജയഗാഥകളും ഈ സെഷനിൽ അദ്ദേഹം പങ്കുവെക്കും. സംഘാടകർ പറയുന്നതനുസരിച്ച്, നാടക-സിനിമ രംഗത്തെ പ്രമുഖ കലാകാരനായ സന്തോഷ് കീഴാറ്റൂരിനെ നേരിൽ കാണാനും സംവദിക്കാനുമുള്ള ഈ അവസരത്തിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ എസ്സാർ ഹെൽത്ത്‌കെയർ ആണ്.

കൂടുതൽ വിവരങ്ങൾക്ക്: ദയാനന്ദ് - 089 487 3070, നിഷ ഷിനു - 087 779 7397.

Photo and News Source: Sathyam Online