കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ഇന്ത്യയിലെ കപ്പൽനിര്‍മ്മാണ-അറ്റകുറ്റപ്പണി രംഗത്തെ ഒരു പ്രധാന സ്ഥാപനം, ഗുജറാത്തിലെ വഡിനാറില്‍ ഒരു അത്യാധുനിക കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി പദ്ധതിക്ക് ഒപ്പം നല്‍കിയിരിക്കുന്നു. ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയുമായി (DPA) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 1,570 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ, 650 കോടി രൂപ ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റി സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറിനായി ചെലവിടും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 920 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിക്കാവശ്യമായ ഫ്‌ളോട്ടിംഗ് ഡോക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി നിക്ഷേപിക്കും.

നിർമ്മാണം പൂര്‍ത്തിയാകുന്നതോടെ, ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനായിരിക്കും. 36 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 650 മീറ്റര്‍ നീളമുള്ള ജെട്ടി, വര്‍ക്ക്ഷോപ്പുകള്‍, മറ്റ് സമുദ്ര ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ എന്നിവ ഈ കേന്ദ്രത്തിന്റെ ഭാഗമായിരിക്കും. ആഭ്യന്തര സ്രോതസുകളിലൂടെയും കടപ്പത്രങ്ങളിലൂടെയും ആവശ്യമായ തുക കണ്ടെത്താനാണ് ഷിപ്പ്‌യാര്‍ഡ് ഉദ്ദേശിക്കുന്നത്.

നിലവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 250 മീറ്റര്‍ വരെ നീളമുള്ള കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. വഡിനാറിലെ പുതിയ കേന്ദ്രം വരുന്നതോടെ 300 മീറ്റര്‍ വരെ നീളമുള്ള കൂറ്റന്‍ കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കും. നിലവില്‍ 230 മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി വിദേശ ഷിപ്പ്‌യാര്‍ഡുകളെ ആശ്രയിച്ചാണ് നടത്തുന്നത്. ഈ പുതിയ സംവിധാനം വിദേശനാണ്യ ചോര്‍ച്ച കുറയ്ക്കുവാനും വിദേശ ഷിപ്പ്‌യാര്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും സഹായിക്കും.

പദ്ധതിയുടെ ഫലമായി ഏകദേശം 290 നേരിട്ടുള്ള തൊഴിലവസരങ്ങളും 1,100 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്ദ്ര, കണ്ട്ല തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായുള്ള അടുപ്പവും ആഗോള ഷിപ്പിംഗ് റൂട്ടുകളുമായുള്ള കണക്റ്റിവിറ്റിയും വഡിനാറിലെ പദ്ധതിക്ക് വലിയ വാണിജ്യ സാധ്യതകളെ സൃഷ്ടിക്കും. 'മാരിടൈം ഇന്ത്യ വിഷൻ 2030', 'മാരിടൈം അമൃത് കാല് വിഷൻ 2047' എന്നിവയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.

പുതിയ നിക്ഷേപവാര്‍ത്തകളെത്തുടർന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ഓഹരി വില 3 ശതമാനം ഉയര്‍ന്ന് 1,765 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 31.40 ശതമാനം വരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 17 ശതമാനവും, ഈ വർഷം ഇതുവരെ 7 ശതമാനവും ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം നൽകിയിട്ടുണ്ട്.

Photo and News Source: Dhanam