മരണശേഷം ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പോളിസി, ഇപിഎഫ് (EPF) തുടങ്ങിയ സാമ്പത്തിക ആസ്തികൾ ക്ലെയിം ചെയ്യുന്നതിന്റെ പ്രക്രിയ പലർക്കും സങ്കീർണമായി തോന്നാറുണ്ട്. നോമിനേഷൻ വ്യക്തമായി നൽകിയിട്ടുണ്ടെങ്കിൽ ഈ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ബാങ്ക് അക്കൗണ്ടിൽ നോമിനി ഉണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റും കെവൈസി (KYC) രേഖകളും സമർപ്പിച്ചാൽ ബാങ്കുകൾ പണം കൈമാറും. നോമിനി ഇല്ലാത്ത സാഹചര്യത്തിൽ, മരണ സർട്ടിഫിക്കറ്റ്, ഇൻഡെംനിറ്റി ബോണ്ട് (Indemnity bond), കുടുംബാംഗങ്ങളുടെ എൻഒസി (NOC) എന്നിവ സമർപ്പിക്കേണ്ടതുണ്ട്. വലിയ തുകകളാണെങ്കിൽ സക്സഷൻ സർട്ടിഫിക്കറ്റ് (Succession certificate) അല്ലെങ്കിൽ പ്രൊബേറ്റഡ് വില്ല് (Probated Will) നല്കേണ്ടതായി വരും.
ഇപിഎഫ് (EPF) അക്കൗണ്ടിൽ നോമിനേഷൻ ഇല്ലെങ്കിൽ, മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് ക്ലെയിം നല്കാവുന്നതാണ്. ഇതിന് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ കുടുംബാംഗങ്ങളുടെ പട്ടികയോ (Surviving family members list) അല്ലെങ്കിൽ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് (Legal heirship certificate) നല്കേണ്ടതുണ്ട്. ഇൻഷുറൻസ് പോളിസിയിൽ നോമിനി ഉണ്ടെങ്കിൽ, അവർക്ക് പണം സ്വീകരിക്കാനുള്ള അധികാരമേ ലഭിക്കൂ, പക്ഷേ ആ പണത്തിന്റെ ഉടമസ്ഥാവകാശം അവർക്കല്ല. ഇൻഷുറൻസ് ആക്ട് പ്രകാരം ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർ 'ബെനിഫിഷ്യറി നോമിനി' (Beneficiary nominee) ആയി പരിഗണിക്കപ്പെടുന്നു. നോമിനി ഇല്ലാത്ത പക്ഷം, സക്സഷൻ സർട്ടിഫിക്കറ്റ് വഴിയോ രജിസ്റ്റർ ചെയ്ത വില്ല് വഴിയോ പണം ക്ലെയിം ചെയ്യേണ്ടതുണ്ട്.
നോമിനിയും അവകാശിയും തമ്മിലുള്ള പ്രധാന വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. നോമിനി എന്നത് ബാങ്കിന്റെയോ ഇൻഷുറൻസ് കമ്പനിയുടെയോ പക്കൽ നിന്നും പണം സ്വീകരിക്കാനുള്ള അധികാരമുള്ള ഒരു ട്രസ്റ്റി (Trustee) മാത്രമാണ്. യഥാർത്ഥ ഉടമസ്ഥാവകാശം നിയമപരമായ അവകാശികൾക്ക് മാത്രമേ ഉണ്ടാകൂ. തർക്കങ്ങൾ ഒഴിവാക്കാൻ നോമിനേഷനുകൾ കൃത്യസമയത്ത് പുതുക്കുകയും, കൃത്യമായ ഒരു വിൽപത്രം (Will) തയാറാക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നോമിനേഷൻ പ്രക്രിയ ലളിതമാക്കുന്നതോടൊപ്പം, കുടുംബാംഗങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കുന്നു.
Photo and News Source: Dhanam









