ആലപ്പുഴ: ഇടതുപക്ഷത്തിന്റെ തോൽവിക്ക് താനോ മറ്റാരോ കാരണക്കാരാണെന്ന് പറയുന്നവർ ദുഷ്ടബുദ്ധിയുള്ളവരാണെന്നും, അത്തരം പ്രചരണങ്ങൾക്ക് മുന്നില്‍ നിൽക്കുന്നതും ലീഗാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. താന്‍ മുസ്ലിം വിരോധിയല്ലെന്നും ഓലപ്പാമ്പ് കാട്ടി തന്നെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ്. വിജയത്തിന്റെ ശില്പിയും ഫണ്ടിങ് നടത്തിയതിന്റെ പ്രധാനിയുമാണ് കെ.സി. വേണുഗോപാലെന്നും, ഇന്ത്യയില്‍ തന്നെ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇരുന്നാലും കേരളം ഭരിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും, എന്നാല്‍ കേരളത്തിലേക്ക് വരുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കേരളത്തിലേക്ക് വരുമ്പോള്‍ കറുകപ്പുല്ല് തിന്നാന്‍ മാത്രമേ വരൂ' എന്ന് അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയമുണ്ടെന്നും, പ്രവര്‍ത്തനപരമായ മെയ് വഴക്കമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു. വിവാദങ്ങളൊന്നും സൃഷ്ടിക്കാതെ എല്ലാം സഹിച്ചു നിന്ന നേതാവാണെന്നും അദ്ദേഹം ചേർത്തു. വി.ഡി. സതീശന്‍ പോലും നല്ലൊരു പ്രതിപക്ഷ നേതാവായിരുന്നു എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതില്‍ എസ്.എന്‍.ഡി.പിക്ക് യാതൊരു പങ്കുമില്ലെന്നും, ആ തീരുമാനമെടുക്കുന്നത് ഹൈക്കാമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സമുദായത്തിന് അതിൽ യാതൊരു പങ്കുമില്ല' എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Photo and News Source: Siraj Live