ഭക്ഷണശേഷം കുളിക്കണോ എന്നും, എണ്ണ തേച്ചു കുളിക്കാൻ ഏതെല്ലാം ദിവസങ്ങളാണ് അനുയോജ്യമെന്നും പലർക്കും സംശയമുണ്ടാകാറുണ്ട്. ശരീര ശുചിത്വം, ആരോഗ്യം, ആയുര്‍വേദ നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുളിക്കുന്ന സമയവും രീതികളും വ്യക്തമാക്കേണ്ടതുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നിത്യവും കുളിക്കുന്നത് നല്ലതാണ്. എന്നാൽ തണുപ്പുള്ള രാജ്യങ്ങളിലോ ശീതകാലത്തോ നിത്യവും കുളിക്കേണ്ടതില്ല. രാവിലെ കുളിക്കുന്നത് ഉറക്കം വിട്ടുമാറാനും ഉന്മേഷം ലഭിക്കാനും സഹായകരമാണ്. ജോലി കഴിഞ്ഞ് വൈകിയെത്തിയാലും കുളി ചെയ്ത് തയ്യാറാകുന്നവരുണ്ട്. ചെറുപ്പക്കാരും രോഗികളും തണുപ്പുകാലത്ത് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൂടുവെള്ളത്തിൽ കുളിക്കാം. എന്നാൽ നിത്യവും ചൂടുവെള്ളത്തിൽ കുളിക്കുന്നത് തൊലി ചുളുങ്ങുന്നതിന് കാരണമാകും.

ആയുര്‍വേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് ഒഴിച്ച് കുളിക്കണം. ഇത് തലച്ചോറിന് തണുപ്പ് വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തുടർന്ന് തല നനക്കാൻ സഹായിക്കുകയും ചെയ്യും. കുളിമുറിയിൽ പെട്ടെന്ന് ഷവർ തുറന്ന് തലയിലേക്ക് വെള്ളം ഒഴിക്കുന്നത് പലർക്കും അപകടമുണ്ടാക്കാറുണ്ട്. ആയുര്‍വേദത്തിൽ കുളി കഴിഞ്ഞാൽ ആദ്യം മുതുകാണ് തോർത്തേണ്ടത്. പുരുഷന്മാർക്ക് തിങ്കളാഴ്ച, ബുധനാഴ്ച, ശനിയാഴ്ച എന്നിവ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കാം. സ്ത്രീകൾക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് അനുയോജ്യമായ ദിവസങ്ങൾ. വാവ്, ചതുര്‍ദശി, പ്രതിപദം, ഷഷ്‌ടി, അഷ്ടമി, ദ്വാദശി എന്നീ തിഥികളിലും, തൃക്കേട്ട, ഉത്രട്ടാതി, തിരുവാതിര, തിരുവോണം എന്നീ നക്ഷത്രങ്ങളിലും, ജന്മനക്ഷത്രങ്ങളിലും, സംക്രമം തുടങ്ങിയ പുണ്യദിവസങ്ങളിലും എണ്ണ തേച്ചു കുളിക്കുന്നത് നന്നല്ല. എണ്ണ തേച്ചു കുളിക്കുന്നത് പകലിൽ മാത്രമേ അനുവദനീയമാകൂ.

നിത്യവും എണ്ണ തേച്ചു കുളിക്കുന്നവരിൽ ഡ്രൈ സ്കിൻ ഉള്ളവർക്ക് ഇത് നല്ലതാണ്. എന്നാൽ തലയിൽ നിത്യവും ഷാംപൂ ഇട്ടു കുളിക്കുന്നത് മുടി കൊഴിച്ചിലിനും വരണ്ട ചർമ്മത്തിനും കാരണമാകാം. 'ഉണ്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്ന ചൊല്ല് മലയാളത്തിലുണ്ട്. ഭക്ഷണശേഷം കുളിക്കുന്നത് ദഹനപ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കും. അതിനാൽ ഭക്ഷണത്തിന് മുമ്പ് കുളിക്കുകയാണ് നല്ലത്. കുളി കഴിഞ്ഞ് പൊക്കിളിൽ ഒരു തുള്ളി എണ്ണയോ വെളിച്ചെണ്ണയോ പുരട്ടുന്നത് ചർമ്മകാന്തിക്ക് നല്ലതാണ്. ഒരു ദിവസം ഒന്നിലധികം പ്രാവശ്യം കുളിക്കുന്നത് ചർമ്മത്തിന് ഹാനികരമാണ്. കുളിക്കുന്ന സോപ്പ് ബാത്തിങ് സോപ്പ് ആണെന്ന് ഉറപ്പുവരുത്തണം. ഗ്ലിസറിൻ അടങ്ങിയ സോപ്പാണ് ചർമ്മത്തിന് നല്ലത്. കുളിമുറിയിൽ നനഞ്ഞ വസ്ത്രങ്ങൾ തൂക്കി വയ്ക്കുന്നത് ഒഴിവാക്കണം. നിത്യവും തോർത്ത് കഴുകി വെയിലത്തുണക്കണം.

Photo and News Source: Samakalika Malayalam